പ്രളയം: ദുരന്തബാധിതര്‍ക്ക് ഓണത്തിന് മുമ്പ് ആശ്വാസ ധനസഹായം; ദുരന്തബാധിതര്‍ ആരുടെയും മുന്നില്‍ കൈ നീട്ടേണ്ടതില്ല; അവര്‍ക്കുണ്ടായ നഷ്ടം വിലയിരുത്തി നേരിട്ട് സഹായം നല്‍കുമെന്നും സര്‍ക്കാര്‍

പ്രളയം: ദുരന്തബാധിതര്‍ക്ക് ഓണത്തിന് മുമ്പ് ആശ്വാസ ധനസഹായം;   ദുരന്തബാധിതര്‍ ആരുടെയും മുന്നില്‍ കൈ നീട്ടേണ്ടതില്ല; അവര്‍ക്കുണ്ടായ നഷ്ടം വിലയിരുത്തി  നേരിട്ട് സഹായം നല്‍കുമെന്നും സര്‍ക്കാര്‍

2019 ആഗസ്റ്റ് മാസത്തെ പ്രകൃതിക്ഷോഭത്തില്‍ പെട്ടവര്‍ക്കുള്ള ആശ്വാസ ധനസഹായം ഓണത്തിന് മുമ്പ് വിതരണം ചെയ്യും. ദുരിതാശ്വാസക്യാമ്പുകള്‍ താമസിച്ച 1.12 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അടിയന്തിര സഹായ തുകയുടെ വിതരണം ആഗസ്റ്റ് 29ന് ആരംഭിക്കും. ക്യാമ്പുകളില്‍ എത്താത്ത ദുരിതബാധിതരുടെ സര്‍വ്വേ ആഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാക്കും.


ദുരിതബാധിതരെ സര്‍വ്വേ നടത്തിയാണ് കണ്ടെത്തുന്നത്. അപേക്ഷ നല്‍കേണ്ടതില്ല. സര്‍വ്വേയില്‍പെടാത്ത ദുരിതബാധിതര്‍ ഉണ്ടെങ്കില്‍ പട്ടിക പൂര്‍ണമായും പ്രസിദ്ധീകരിച്ചശേഷം തഹസില്‍ദാര്‍ക്ക് മുന്നില്‍ നേരിട്ട് ക്ലെയിം ഉന്നയിക്കാം. ദുരന്തബാധിതര്‍ ആരുടെയും മുന്നില്‍ കൈ നീട്ടേണ്ടതില്ല; അവര്‍ക്കുണ്ടായ നഷ്ടം വിലയിരുത്തി സര്‍ക്കാര്‍ നേരിട്ട് സഹായം നല്‍കുമെന്ന രീതിയാണ് അവലംബിക്കുന്നത്

ഇക്കാര്യത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കി ഉത്തരവായി.

വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ക്കുള്ള ആശ്വാസ ധനസഹായം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്ര ഉത്തരവ് പുറപ്പെടുവിച്ചു. കേടുപാട് പറ്റിയ വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉത്തരവില്‍ നിര്‍വചിച്ചിട്ടുണ്ട്.

ദുരന്തബാധിതര്‍ക്ക് അടിയന്തരസഹായം ആയി 10,000 രൂപ വീതവും, പൂര്‍ണമായി തകര്‍ന്നതോ പൂര്‍ണമായി വാസയോഗ്യം അല്ലാത്തതോ (75 ശതമാനത്തില്‍ അധികം നാശനഷ്ടമുള്ള) ആയ വീടുകളില്‍ വസിക്കുന്നവര്‍ക്ക് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ സ്ഥലം വാങ്ങാന്‍ ആറു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അടിയന്തരസഹായമായ 10,000 രൂപ ലഭിക്കുന്നതിന് പ്രകൃതിക്ഷോഭത്തില്‍ ദുരന്തബാധിതരായ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങള്‍ക്കും പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും അര്‍ഹതയുണ്ട്.

ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ശുപാര്‍ശ പരിഗണിച്ച് മിനിമം റിലീഫ് കോഡ് പ്രകാരമുള്ള ആശ്വാസധനസഹായം അനുവദിക്കുന്നതിന് ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി.പ്രകൃതിക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ സ്ഥലം വാങ്ങാന്‍ നിബന്ധനകള്‍ പ്രകാരം ആറു ലക്ഷം രൂപയും, വീട് വയ്ക്കുന്നതിന് നാലു ലക്ഷം രൂപയും അനുവദിച്ച തീരുമാനം 2019 ലെ പ്രകൃതിക്ഷോഭ ദുരിതബാധിതര്‍ക്കും ബാധകമാണ്.

ആറുലക്ഷം രൂപ വിനിയോഗിച്ച് രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്ത് ഫീസ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്നു സെന്റ് വസ്തുവെങ്കിലും വാങ്ങേണ്ടതാണ്. ആറു ലക്ഷം രൂപ ഉപയോഗിച്ച് പരമാവധി അളവിലും ഭൂമി വാങ്ങാവുന്നതാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലവും വീടും ഒരുമിച്ച് വാങ്ങുന്നതിന് 10 ലക്ഷം രൂപ വരെ അനുവദിക്കും.

ദുരിതബാധിതരായ പുറമ്പോക്ക് ഭൂമിയിലെ വീടിന് നാശനഷ്ടം ഉണ്ടായവര്‍ക്കും ദുരിതാശ്വാസ സഹായം അനുവദിക്കും. പുറമ്പോക്ക് ഭൂമിയിലെ വീടിന് ഭാഗീകനാശം ഉണ്ടായവര്‍ക്കും വ്യവസ്ഥകള്‍ അനുസരിച്ച് സഹായം നല്‍കും. പുറമ്പോക്ക് ഭൂമിയിലെ വീടിന് പൂര്‍ണമായ നാശനഷ്ടം ഉണ്ടായവര്‍ക്ക് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെ നല്‍കും. സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതിനുള്ള ഫ്‌ളോ ചാര്‍ട്ടും തയാറാക്കിയിട്ടുണ്ട്.ഉദ്യോഗസ്ഥര്‍ ഫ്‌ളോ ചാര്‍ട്ട് പ്രകാരം നടത്തുന്ന സര്‍വേയില്‍ ഉള്‍പ്പെടാതെ പോയി എന്ന അവകാശവാദം ഉള്ളവര്‍ അത് നേരിട്ട് തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കണം.

Other News in this category4malayalees Recommends