എന്‍എച്ച്എസില്‍ കൊറോണക്കാലത്ത് ഹാര്‍ട്ട് അറ്റാക്കുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ഇടിവ്; ഹൃദയപ്രശ്‌നങ്ങളുണ്ടായെങ്കിലും കൊറോണപ്പേടിയാല്‍ മിക്കവരും ആശുപത്രികളില്‍ പോയില്ല; ഒഴിവാക്കാമായിരുന്ന മരണങ്ങളേറി

എന്‍എച്ച്എസില്‍ കൊറോണക്കാലത്ത് ഹാര്‍ട്ട് അറ്റാക്കുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ഇടിവ്; ഹൃദയപ്രശ്‌നങ്ങളുണ്ടായെങ്കിലും കൊറോണപ്പേടിയാല്‍ മിക്കവരും ആശുപത്രികളില്‍ പോയില്ല; ഒഴിവാക്കാമായിരുന്ന മരണങ്ങളേറി
യുകെയില്‍ കൊറോണ പ്രതിസന്ധി കാലത്ത് ഹാര്‍ട്ട് അറ്റാക്കുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന ആശാവഹമായ കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ഇംഗ്ലണ്ടില്‍ ഇക്കാര്യത്തില്‍ മൂന്നിലൊന്ന് കുറവാണുണ്ടായിരിക്കുന്നത്. രാജ്യം കൊറോണ ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചതിന് ശേഷമാണീ ഇടിവുണ്ടായിരിക്കുന്നതെന്നാണ് ദി ലാന്‍സെറ്റ് ജേര്‍ണലിലെ ഗവേഷകര്‍ വെളിപ്പെടുത്തുന്നത്.

മേയ് അവസാനത്തില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമാവുകയും ചികിത്സ തേടുകയും ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ 5000 പേരുടെ കുറവുണ്ടായിരിക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള ബുദ്ധിമുട്ടുകള്‍ പതിവ് പോലെ ഉണ്ടായിരിക്കാമെന്നും പക്ഷേ കൊറോണ പേടി കാരണം മിക്കവരും ആശുപത്രിയില്‍ പ്രവേശിക്കാതിരിക്കുകയായിരുന്നവെന്നുമുളള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ഗവേഷകര്‍ നടത്തിയിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് ഒഴിവാക്കാനാവുന്ന മരണങ്ങളുടെ എണ്ണം ഈ അവസരത്തില്‍ വര്‍ധിച്ചുവെന്നും ഇത് സംബന്ധിച്ച പഠനത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. യുകെയില്‍ കോവിഡ് പടര്‍ന്ന് പിടിക്കാനാരംഭിച്ച ഫെബ്രുവരി മധ്യം മുതല്‍ മാര്‍ച്ചില്‍ ഉടനീളം ഹാര്‍ട്ട് അറ്റാക്ക് മൂലം യുകെയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ വെറും 2000 പേരായിരുന്നു. ഏപ്രിലില്‍ ഇത്തരത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ തുടങ്ങിയിരുന്നുവെങ്കിലും അത് 2019ലെ ശരാശരി അഡ്മിഷനുകളേക്കാള്‍ കുറവായിരുന്നുവെന്നും ഇത് സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തുന്നു.

കൊറോണക്കാലത്ത് ഹാര്‍ട്ട് അറ്റാക്കുണ്ടായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് തങ്ങളുടെ ഗവേഷണത്തിലൂടെ കണ്ടെത്താന്‍ സാധിച്ചുവെന്നാണ് ഈ പഠനത്തിന് ചുക്കാന്‍ പിടിച്ച യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡിലെ ഡോ. മറിയോണ്‍ മഫ്ഹാം പറയുന്നത്. ഇത് അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.അതിനാല്‍ കൊറോണയെ പേടിച്ച് ആരും ആശുപത്രിയില്‍ പോകാതിരിക്കരുതെന്നും ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ 999 നമ്പറില്‍ വിളിക്കണമെന്നും എത്രയും വേഗം ആശുപത്രിയിലെത്തണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഹൃദയപ്രശ്‌നങ്ങളുണ്ടായാല്‍ ആശുപത്രിയിലെത്താന്‍ വൈകുന്ന ഓരോ സെക്കന്‍ഡും അപകടം വരുത്തി വയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends