കരിപ്പൂരില്‍ വിമാന അപകടത്തില്‍ പെട്ട് മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരിച്ചവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരും അടിയന്തരമായി നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍

കരിപ്പൂരില്‍ വിമാന അപകടത്തില്‍ പെട്ട് മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരിച്ചവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരും അടിയന്തരമായി നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍

കരിപ്പൂരില്‍ വിമാന അപകടത്തില്‍ പെട്ട് മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് സുധീര്‍ വാര്യത്ത് എന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രി കെ.ടി ജലീലാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മൃതദേഹം സംസ്‌കരിക്കുക. മരിച്ചവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരും അടിയന്തരമായി നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.


കണ്ടെയിന്‍മെന്റ് സോണായ കൊണ്ടോട്ടിയിലായിരുന്നു വിമാനദുരന്തം നടന്ന സ്ഥലം ഉള്‍പ്പെടുന്നത്. ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് നൂറ് കണക്കിന് നാട്ടുകാരാണ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. അപകടമായത് കൊണ്ട് തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ ആര്‍ക്കും പാലിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിന് ഇന്നലെ മേല്‍നോട്ടം വഹിച്ച മന്ത്രി എ സി മൊയ്ദീന്‍ ഇത്തരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ദുരന്തമുഖത്ത് സാധ്യമാകണമെന്നില്ല എന്ന് വിശദീകരിച്ചിരുന്നു. അപകടത്തില്‍ മരിച്ച 14 പേരുടെ പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഇന്ന് നടക്കും. കൂടുതല്‍ പേരുടെ കൊവിഡ് പരിശോധനാഫലം ഇന്ന് പുറത്തുവരും.

വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറി ഒരു മതില്‍ ഇടിച്ച് ഏതാണ്ട് 35 താഴ്ചയിലേക്ക് വീമാനം പതിക്കുകയായിരുന്നു. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് ഇത് പതിച്ചത്. നിലത്ത് ഇടിച്ചുവീണ വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റും കോ പൈലറ്റും ഉള്‍പ്പടെ 17 പേരുടെ മരണം വെളളിയാഴ്ച രാത്രി തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 19 പേരാണ് മരിച്ചത്. യാത്രക്കാര്‍, വിമാനജീവനക്കാര്‍ എന്നിവര്‍ അടക്കം 171 പേരാണ് ചികിത്സയിലുളളത്. അപകടത്തില്‍ പരുക്കേറ്റ ഗര്‍ഭിണി, രണ്ട് കുട്ടികള്‍ എന്നിവര്‍ അടക്കം 14പേരുടെ നില ഗുരുതരമാണ്.

Other News in this category4malayalees Recommends