കൊറോണാ വാക്‌സിന്‍ എത്തി, റഷ്യയുടെ വക; ആദ്യ ഡോസ് മകള്‍ക്ക് നല്‍കിയെന്ന് പുടിന്‍; ശാസ്ത്ര മികവിന്റെ ഉദാഹരണമായി ഉയര്‍ത്തിക്കാണിച്ച് പ്രസിഡന്റ്; ഒന്നാമതെത്താന്‍ പരീക്ഷണം പോലും പൂര്‍ത്തിയാക്കാന്‍ കാത്തുനിന്നില്ല!

കൊറോണാ വാക്‌സിന്‍ എത്തി, റഷ്യയുടെ വക; ആദ്യ ഡോസ് മകള്‍ക്ക് നല്‍കിയെന്ന് പുടിന്‍; ശാസ്ത്ര മികവിന്റെ ഉദാഹരണമായി ഉയര്‍ത്തിക്കാണിച്ച് പ്രസിഡന്റ്; ഒന്നാമതെത്താന്‍ പരീക്ഷണം പോലും പൂര്‍ത്തിയാക്കാന്‍ കാത്തുനിന്നില്ല!
ലോകത്തില്‍ ആദ്യത്തെ കൊറോണാവൈറസ് വാക്‌സിന് ഔദ്യോഗിക അംഗീകാരം നല്‍കി റഷ്യ. തങ്ങളുടെ ശാസ്ത്ര മികവിന് തെളിവായി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മനുഷ്യരില്‍ പരീക്ഷിച്ച് രണ്ട് മാസം പോലും തികയുന്നതിന് മുന്‍പ് റഷ്യ വാക്‌സിന് അംഗീകാരം നല്‍കിയത്. തന്റെ മകള്‍ക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയതെന്ന് രാജ്യത്തിന്റെ നേട്ടം പ്രഖ്യാപിക്കവെ പുടിന്‍ വ്യക്തമാക്കി.

റഷ്യയിലെ ജനങ്ങള്‍ക്ക് വന്‍തോതില്‍ വാക്‌സിനേഷന്‍ നല്‍കാനുള്ള വഴിയാണ് വാക്‌സിന്റെ അംഗീകാരം തുറക്കുന്നത്. അതേസമയം ഈ വാക്‌സിന്റെ സുരക്ഷ, ഫലങ്ങള്‍ എന്നിവ സംബന്ധിച്ച ക്ലിനിക്കല്‍ ട്രയല്‍സ് അവസാന ഘട്ടത്തില്‍ തുടരുകയാണ്. ഇത് പൂര്‍ത്തിയാക്കാന്‍ പോലും റഷ്യ കാത്തുനിന്നില്ലെന്നത് ശ്രദ്ധേയമാണ്. കൊറോണാവൈറസിന് എതിരായ വാക്‌സിന്‍ വികസിപ്പിക്കാനുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനം നേടാനുള്ള ആ രാജ്യത്തിന്റെ പരിശ്രമമാണ് പുടിന്റെ പ്രഖ്യാപനത്തിന് പിന്നിലെന്നാണ് കരുതുന്നത്.

മോസ്‌കോയിലെ ഗാമലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിന്‍ സുരക്ഷിതമാണെന്നും, അത് തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് നല്‍കിയെന്നും ദേശീയ ടെലിവിഷനിലെ സര്‍ക്കാര്‍ യോഗത്തില്‍ സംസാരിക്കവെ പുടിന്‍ വ്യക്തമാക്കി. 'ഇത് വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്കറിയാം, ശക്തമായ പ്രതിരോധശേഷി രൂപപ്പെടും, ഒരു കാര്യം കൂടി ആവര്‍ത്തിക്കാം, ഇത് എല്ലാ ടെസ്റ്റുകളും പാസായി', പുടിന്‍ പറഞ്ഞു. ഉടന്‍ തന്നെ വാക്‌സിന്‍ വന്‍തോതില്‍ നിര്‍മ്മിക്കാന്‍ തുടങ്ങാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.ഫേസ് 3 ട്രയല്‍ എന്നറിയപ്പെടുന്ന ആയിരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള വിപുലമായ പരീക്ഷണത്തെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഹെല്‍ത്ത് മിനിസ്ട്രി വാക്‌സിന് അംഗീകാരം നല്‍കിയത്. വാക്‌സിന്റെ ശേഷി മനസ്സിലാക്കാന്‍ വൈറസ് ബാധിച്ചവരിലാണ് ഈ പരീക്ഷണം നടത്തുക. ഒരു വാക്‌സിന് റെഗുലേറ്ററി അംഗീകാരം നല്‍കുന്നതിന് അത്യാവശ്യമായി കണക്കാക്കുന്ന മാനദണ്ഡം പാലിക്കാനാണ് റഷ്യ മടിക്കുന്നത്. വാക്‌സിന്‍ വികസിപ്പിക്കാനുള്ള തിടുക്കം സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്ത് കൊണ്ടാകരുതെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റെഗുലേറ്റേഴ്‌സ് ഓര്‍മ്മിപ്പിച്ചിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറോളം വാക്‌സിനുകളാണ് വികസിപ്പിക്കുന്നത്. ഇതില്‍ നാലെണ്ണം ഫേസ് 3 മനുഷ്യ പരീക്ഷണത്തിലാണെന്ന് ഡബ്യുഎച്ച്ഒ വ്യക്തമാക്കുന്നു. ഇതിനിടെയാണ് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ തങ്ങള്‍ ലോകത്തിലെ ആദ്യ കൊറോണ വാക്‌സിന് അംഗീകാരം നല്‍കിയെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നത്. അതുകൊണ്ട് തന്നെയാണ് മരുന്ന് സ്വന്തം മകളില്‍ പരീക്ഷിച്ചെന്ന പുടിന്‍ കൂട്ടിച്ചേര്‍ക്കുന്നത്.


Other News in this category4malayalees Recommends