റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമ പരിധിയില്‍ നടപടി സ്വീകരിക്കാന്‍ സാധിക്കുമോയെന്ന് നിയമോപദേശം തേടി മഹാരാഷ്ട്ര സര്‍ക്കാര്‍. ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്സ്ആപ് ചാറ്റ് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം അര്ണബാനി എങ്ങനെ ലഭിച്ചെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് കേന്ദ്രത്തോട് ചോദിച്ചു. ബാലാക്കോട്ട് ആക്രമണം നടത്തുന്നതിന് മൂന്നുദിവസം മുമ്പ് തന്നെ അര്‍ണബിന് ഇതേ കുറിച്ച് അറിയാമായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തായ വാട്സ്ആപ് ചാറ്റിലുള്ളത്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, സൈനീക മേധാവി തുടങ്ങി വളരെ കുറച്ച് പേര്‍ക്ക് മാത്രമറിയാവുന്ന ഇത്തരം നിര്‍ണായകമായ ഒരു കാര്യം എങ്ങനെയാണ് അര്‍ണബിന് ലഭിച്ചതെന്ന് കേന്ദ്രത്തോട് ചോദിക്കുകയാണ്. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയമാണ്. കേന്ദ്രം നിര്‍ബന്ധമായും ഉത്തരം നല്‍കണം. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇക്കാര്യത്തില്‍ നടപടിയെടുക്കാനാകുമോയെന്ന കാര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമോപദേശം തേടുകയാണ് ,അനില്‍ ദേശ്മുഖ് പറഞ്ഞു.