കൊറോണയുടെ ഉത്ഭവം തേടി രണ്ടാംഘട്ട അന്വേഷണവുമായി ഡബ്ലു എച്ച് ഒ ; വുഹാനിലെ ലാബുകള്‍ വീണ്ടും അന്വേഷണ പരിധിയില്‍

കൊറോണയുടെ ഉത്ഭവം തേടി രണ്ടാംഘട്ട അന്വേഷണവുമായി ഡബ്ലു എച്ച് ഒ ; വുഹാനിലെ ലാബുകള്‍ വീണ്ടും അന്വേഷണ പരിധിയില്‍
കൊറോണ വൈറസിന്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ട് ലോക ആരോഗ്യ സംഘടന. ലബോറട്ടറികളെയും വുഹാന്‍ മാര്‍ക്കറ്റിനെയും ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്. ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ആണ് പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കോവിഡ് 19 ന്റെ ആദ്യ ഘട്ട വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങളുടെ ലഭ്യതക്കുറവ് അന്വേഷണത്തെ സാരമായി ബാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'മനുഷ്യര്‍, വന്യജീവികള്‍, കൊറോണ വൈറസ് വ്യാപിച്ചെന്ന് കരുതുന്ന മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള വുഹാനിലെ എല്ലാ മാംസ മാര്‍ക്കറ്റുകളും രണ്ടാം ഘട്ട പഠനത്തിന്റെ ഭാഗമാകണം. 2019ല്‍ മനുഷ്യരില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളും റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളും പഠനത്തിന്റെ പരിധിയില്‍ വരണം' ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള പഠനത്തിനായി ലോക ആരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് ഗവേഷകരോടൊപ്പം വുഹാനില്‍ താമസിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം വവ്വാലില്‍ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരില്‍ കൊറോണ വൈറസ് പ്രവേശിച്ചത് എന്ന നിഗമനത്തിലാണ് എത്തിയത്.

എന്നാല്‍ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളും എതാനും ശാസ്ത്രജ്ഞരും കോവിഡ് വൈറസിന്റെ ഉറവിടം സബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ആവശ്യം ഉയര്‍ത്തിയിരുന്നു. വവ്വാലുകളില്‍ പഠനം നടത്തിയിരുന്ന വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തിന്റെ ഭാഗമാക്കണം എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

വൈറസിന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ശാസ്ത്രീയമായ പ്രവര്‍ത്തനമാണെന്നും രാഷ്ട്രീയം ഇതില്‍ കൂട്ടിക്കുഴക്കരുത് എന്നും ഗെബ്രിയേസസ് ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിലെ പഠനത്തിനായി സുതാര്യത മുന്‍ നിര്‍ത്തി എല്ലാ വിവരങ്ങളും കൈമാറി ചൈന സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വൈറസ് വുഹാനിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്തു വന്നതാണ് എന്നാണ് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രബല വാദങ്ങളില്‍ ഒന്ന്. എന്നാല്‍ ഈ വാദം തീര്‍ത്തും അസംബന്ധമാണ് എന്ന് ചൈന പറയുന്നു. വിഷയത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്നത് അന്വേഷണത്തെ തടസപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ എന്നും ചൈന പറയുന്നു.

കോവിഡ് വൈറസിന്റെ ഉത്ഭവം സബന്ധിച്ച് ചൈന കൂടുതല്‍ വിവരങ്ങള്‍ നല്‍കണം എന്ന ലോക ആരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഗെബ്രിയേസസിന്റെ പ്രസ്താവനയോട് ചൈനീസ് വിദേശ കാര്യ വക്താവ് സഹോ ലിജൈന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ചില ഡാറ്റകള്‍ വ്യക്തിഗത വിവരങ്ങള്‍ ആയതിനാല്‍ ചൈനക്ക് പുറത്ത് പോകാന്‍ പാടില്ലാത്തോ കോപ്പി ചെയ്യാന്‍ സാധിക്കാത്തതോ ആണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കോവിഡ് വൈറസ് ചൈനീസ് ലാബില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന തരത്തില്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ പോലുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Other News in this category4malayalees Recommends