യുകെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് ഇനി ഡിഗ്രിയില്ലെങ്കിലും രജിസ്റ്റേര്‍ഡ് നഴ്‌സാകാം....!!!; ഡിഗ്രി നിലവാരത്തിലുള്ള അപ്രന്റിസ്ഷിപ്പ് സ്‌കീം വരുന്നു; യുകെയിലെ ആയിരക്കണക്കിന് മലയാളികള്‍ക്ക് അനുഗ്രഹമാകും; തിയറിയും പ്രാക്ടീസുമുള്ള കോഴ്‌സ്

യുകെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് ഇനി ഡിഗ്രിയില്ലെങ്കിലും രജിസ്റ്റേര്‍ഡ് നഴ്‌സാകാം....!!!; ഡിഗ്രി നിലവാരത്തിലുള്ള അപ്രന്റിസ്ഷിപ്പ് സ്‌കീം വരുന്നു; യുകെയിലെ ആയിരക്കണക്കിന് മലയാളികള്‍ക്ക് അനുഗ്രഹമാകും; തിയറിയും പ്രാക്ടീസുമുള്ള കോഴ്‌സ്

യുകെയിലുള്ള ആയിരക്കണക്കിന് മലയാളികള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്നുണ്ടെന്നറിയാമല്ലോ.ഒരു നാള്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സുമാരായിത്തീരുകയെന്നത് അവരുടെയെല്ലാം സ്വപ്‌നമാണ്. എന്നാല്‍ നിലവിലുള്ള നിയമപ്രകാരം ഡിഗ്രിയുള്ളവര്‍ക്ക് മാത്രമേ ഇതിന് സാധിക്കാറുള്ളൂ. എന്നാല്‍ ഇപ്പോള്‍ നഴ്‌സിംഗ് കരിയര്‍ മെച്ചപ്പെടുത്തുന്നതിനായി ഗവണ്‍മെന്റ് ഒരു അപ്രന്റിസ്ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് . ഡിഗ്രി നിലവാരത്തിലുള്ള ഈ പുതിയ അപ്രന്റിസ്ഷിപ്പുകളിലൂടെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് നഴ്‌സുമാരായിത്തീരാന്‍ അവസരമൊരുക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് സ്‌കില്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ യുകെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഇത് അനുഗ്രഹമായിത്തീരുമെന്നുറപ്പാണ്. പുതിയ പ്രോഗ്രാം ഉന്നത തലത്തിലുള്ള ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാരെ ലക്ഷ്യം വച്ചാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്.' ബ്രൈറ്റസ്റ്റ് ആന്‍ഡ് ബെസ്റ്റ്' എന്നാണ് മിനിസ്റ്റര്‍മാര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.നഴ്‌സിംഗ് ഡിഗ്രി യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേടാത്തവരെ നഴ്‌സിംഗ് ഡ്യൂട്ടിക്ക് പര്യാപ്തമാക്കുന്ന പ്രോഗ്രാമാണിത്.ഇതു പ്രകാരം ആരംഭിക്കുന്ന നഴ്‌സിംഗ് ഹയര്‍ അപ്രന്റിസ്ഷിപ്പ് ഒരു ഡിഗ്രിക്ക് സമമാണ്. നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ സ്റ്റാന്‍ഡേര്‍ഡിനെ തൃപ്തിപ്പെടുത്തുന്ന ഡിഗ്രിയാണിത്. തിയറിയെയും പ്രാക്ടീസിനെയും 50:50 എന്ന അനുപാതത്തില്‍ സമന്വയിപ്പിക്കുന്ന കോഴ്‌സാണിത്. എന്‍എംസിയുടെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയാണിത് നടത്തുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഗവണ്‍മെന്റ്കമ്മീഷന്‍ഡ് റിവ്യൂവിന്റെ നിര്‍ദേശപ്രകാരമാണ് ഈ സ്‌കീം നടപ്പിലാക്കുന്നത്. ജേണലിസ്റ്റായ കാമില്ല കാവെന്‍ഡിഷാണീ റിവ്യൂ തയ്യാറാക്കിയിരുന്നത്. ഒരു പറ്റം എന്‍എച്ച്എസ് ഓര്‍ഗനൈസേഷനുകളും പ്രൈവറ്റ് പ്രൊവൈഡര്‍മാരുമാണ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഇംഗ്ലണ്ടിന്റെ പങ്കാളിത്തത്തോടെ ഈ ഡിഗ്രി ലെവല്‍ അപ്രന്റിസ്ഷിപ്പ് സ്‌കീം വികസിപ്പിക്കുന്നത്.നോര്‍ത്താംപ്ടണ്‍ ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, റോയല്‍ ഡേവന്‍ എക്സ്റ്റീരിയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, നോര്‍ഫോള്‍ക്ക് ആന്‍ഡ് നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, ബാര്‍ചസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍, പ്രയോറിറ്റി ഗ്രൂപ്പ് ബുപ ഗ്രൂപ്പ് എന്നിവ അതില്‍ ഉള്‍പ്പെടുന്നു. യുവജനങ്ങള്‍ക്ക് വേണ്ടി പുതിയ കീഴ് വഴക്കങ്ങള്‍ നമുക്ക് സൃഷ്ടിക്കേണ്ടിയിരിക്കുന്നുവെന്നും ഇതനുസരിച്ച് അവര്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി നേടുകയോ അല്ലെങ്കില്‍ അപ്രന്റിസ്ഷിപ്പ് തുടങ്ങുകയോ ചെയ്യണമെന്നാണ് സ്‌കില്‍സ് മിനിസ്റ്ററായ മാത്യൂ ഹാന്‍കോക്ക് പറയുന്നത്.

ട്രൈബ്ലേസര്‍ പ്രൊജക്ട് എന്നറിയപ്പെടുന്ന ഈ സ്‌കീമില്‍ ഭാഗഭാക്കാകുന്ന ഓര്‍ഗനൈസേഷനുകളോട് തനിക്ക് നന്ദിയുണ്ടെന്നാണ് മന്ത്രി പറയുന്നത്. ഡിഗ്രി ലെവല്‍ നഴ്‌സിംഗ് അപ്രന്റിസ്ഷിപ്പിനുള്ള അവരുടെ നിര്‍ദേശങ്ങളിലൂടെ എന്‍എച്ച്എസിനും പ്രൈവറ്റ് പ്രൊവൈഡര്‍മാര്‍ക്കും ഉയര്‍ന്ന കഴിവും ആത്മവിശ്വാസവുമുള്ള നഴ്‌സുമാരെ ലഭിക്കാന്‍ വഴിയൊരുങ്ങുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.ക്ലിനിക്കല്‍ പ്ലേസ്‌മെന്റ്, ക്ലാസ്‌റൂം സ്റ്റഡി എന്നിവയിലൂടെ നഴ്‌സുമാര്‍ക്ക് നല്ല പരിശീലനമാണ് ഈ കോംപ്രഹെന്‍സീവ് ഡിഗ്രി പ്രോഗ്രാമിലൂടെ ലഭിക്കുകയെന്നാണ് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗിലെ ചീഫ് എക്‌സിക്യൂട്ടീവും ജനറല്‍ സെക്രട്ടറിയുമായ ഡോ. പീറ്റര്‍ കാര്‍ട്ടര്‍ പറയുന്നത്. ഡിഗ്രി കഴിഞ്ഞ നഴ്‌സുമാര്‍ സേവനമനുഷ്ഠിക്കുന്ന ഇടങ്ങളില്‍ രോഗികളുടെ മരണനിരക്ക് കുറവാണെന്ന് തെളിയിക്കുന്ന ഒരു വ്യാപകമായ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച പുറത്ത് വന്ന കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നു.

അതായത് സെമിനല്‍ ആന്‍എന്‍4കാസ്റ്റ് സ്റ്റഡി ഫലമാണ് ഇക്കാര്യം വെളിച്ചത്ത് കൊണ്ട് വന്നിരിക്കുന്നത്. ഇതനുസരിച്ച് മികച്ച വിദ്യാഭ്യാസമുള്ള നഴ്‌സിംഗ് വര്‍ക്ക് ഫോഴ്‌സ് ഉള്ളിടത്ത് അപ്രതീക്ഷിതമായുള്ള രോഗികളുടെ മരണനിരക്ക് കുറയുന്നുവെന്നാണ് പ്രസ്തുത പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഒരു ഹോസ്പിറ്റലില്‍ ഗ്രാജ്വേഷന്‍ ഉള്ള നഴ്‌സുമാരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനവുണ്ടാകുമ്പോള്‍ അവിടുത്തെ രോഗികളുടെ മരണനിരക്കില്‍ 7 ശതമാനം കുറവുണ്ടാകുന്നുവെന്നാണ് ഈ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള പരിശീലനം ഏര്‍പ്പെടുത്തുന്നത് നിരവധി പേര്‍ക്ക് ഗുണകരമാകുമെന്നും ഡോ. കാര്‍ട്ടര്‍ അഭിപ്രായപ്പെടുന്നു. ഈ സ്‌കീമിന് എങ്ങനെയാണ് ഫണ്ട് ലഭിക്കുന്നതെന്നും അത് എങ്ങനെയാണ് ഈ സ്‌കീം നല്ല നിലയില്‍ പ്രാവര്‍ത്തികമാക്കുന്നതെന്നും നഴ്‌സിംഗ് പ്രഫഷന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.എന്നാല്‍ ഒരു രജിസ്റ്റേര്‍ഡ് നഴ്‌സാകുന്നതിനുള്ള തടസങ്ങളെ മറികടക്കാന്‍ ഈ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമിലൂടെ സാധിക്കില്ലെന്ന ഉത്കണ്ഠ യൂണിവേഴ്‌സിറ്റികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Related News

Other News in this category4malayalees Recommends