റഷ്യയുമായുള്ള ിസൈല്‍ പ്രതിരോധ കരാറില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് മേല്‍ ഉപരോധം ചുമത്തുമെന്ന് യുഎസ് ഭീഷണി; അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത് റഷ്യയില്‍ നിന്നും ഇന്ത്യ എസ്-400 ട്രിയുംഫ് മിസൈല്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങാനൊരുങ്ങുന്നത്

റഷ്യയുമായുള്ള ിസൈല്‍ പ്രതിരോധ കരാറില്‍ നിന്നും  പിന്‍വാങ്ങിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് മേല്‍ ഉപരോധം ചുമത്തുമെന്ന് യുഎസ് ഭീഷണി; അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത് റഷ്യയില്‍ നിന്നും ഇന്ത്യ എസ്-400 ട്രിയുംഫ് മിസൈല്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങാനൊരുങ്ങുന്നത്
റഷ്യയുമായി ഉണ്ടാക്കാന്‍ പോകുന്ന മിസൈല്‍ പ്രതിരോധ കരാറില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് മുകളില്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്ക വീണ്ടും രംഗത്തെത്തി. വ്യാഴാഴ്ചയാണ് ട്രംപ് ഭരണകൂടം ഇത് സംബന്ധിച്ച മുന്നറിയിപ്പ് തുടര്‍ച്ചയായി മുഴക്കിയിരിക്കുന്നത്.റഷ്യയില്‍ നിന്നും ഹൈ-എന്‍ഡ് ആംസ് വാങ്ങിയതിന്റെ പേരില്‍ ചൈനയ്ക്ക് മേല്‍ നേരത്തെ ഏര്‍പ്പെടുത്തിയത് പോലുള്ള ഉപരോധം ഇന്ത്യക്ക് മേലും ചുമത്തുമെന്നാണ് യുഎസിന്റെ താക്കീത്.

റഷ്യയില്‍ നിന്നും എസ് യു-35 കോംബാറ്റ് എയര്‍ക്രാഫ്റ്റുകളും എസ്-400 സര്‍ഫേസ്-ടു എയര്‍ മിസൈല്‍ സിസ്റ്റവും വാങ്ങിയതിനെ തുടര്‍ന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റും ചൈനീസ് മിലിട്ടറിയുടെ എക്യുപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് മേലും അതിന്റെ ഡയറക്ടറായ ലി ഷാന്‍ഗ്ഫുവിന് മേലുമാണ് ഉപരോധമേര്‍പ്പെടുത്തിയിരുന്നത്. ഇവ വാങ്ങുന്നതിനാണ് ഇന്ത്യയും തയ്യാറെടുക്കുന്നത്. ഇന്ത്യ അമേരിക്കയുടെ അടുത്ത സുഹൃദ് രാജ്യമാണെങ്കിലും റഷ്യയില്‍ നിന്നും ഇത്തരത്തില്‍ വന്‍ തോതില്‍ ആയുധങ്ങള്‍ വാങ്ങുകയാണെങ്കില്‍ ഉപരോധത്തെക്കുറിച്ച് ചിന്തിക്കാന്‍ നിര്‍ബന്ധിതരാവുമെന്നാണ് യുഎസ് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.

റഷ്യയില്‍ നിന്നും എസ്-400 ട്രിയുംഫ് മിസൈല്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങുന്നതിനുള്ള മള്‍ട്ടി ബില്യണ്‍ ഡോളര്‍ കരാറില്‍ ഒപ്പ് വയ്ക്കുന്നതിന്റെ സമീപത്തെ ഇന്ത്യ എത്തിയിരിക്കുന്ന വേളയിലാണ് യുഎസ് കടുത്ത ഭീഷണിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ചൈനയില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയോട് ട്രംപ് ഭരണകൂടം പെരുമാറുമോ എന്ന വലിയ ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. ചൈന മേഖലയില്‍ ശക്തിപ്രാപിച്ച് വരുന്നതിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യയുമായി അടുത്ത കാലത്ത് നയതന്ത്രബന്ധം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകാണ് അമേരിക്ക. അത്തരമൊരു വേളയില്‍ അതിനെ തകര്‍ക്കുന്ന ഉപരോധം യഥാര്‍ത്ഥത്തില്‍ യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തുമോയെന്ന കാര്യത്തില്‍ നിരവധി നയതന്ത്രജ്ഞര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Other News in this category4malayalees Recommends