സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് യുഎഇ ക്രിമിനല്‍ താവളമാകാതിരിക്കാന്‍

സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് യുഎഇ ക്രിമിനല്‍ താവളമാകാതിരിക്കാന്‍

അബുദാബി: ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് തൊഴില്‍ വിസ നല്‍കാന്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് യുഎഇ ക്രിമിനലുകളുടെ താവളമാകാതിരിക്കാന്‍ വേണ്ടിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി 4നാണ് ഇത് സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തിലാവുക. ഈയടുത്തകാലത്ത് യുഎഇയില്‍ വിദേശികള്‍ നടത്തിയ കുറ്റകൃത്യങ്ങളെത്തുടര്‍ന്ന് നാട്ടിലെ അവരുടെ ഭൂതകാലത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവരെല്ലാംതന്നെ കുറ്റവാളികളായിരുന്നുവെന്ന് കണ്ടെത്തിയതായി കുറ്റാന്വേഷണ വിഭാഗം ഉപമേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മസൗരി അറിയിച്ചു. ഇതേത്തുടര്‍ന്ന് ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് യുഎഇയില്‍ ജോലി തേടിയെത്തുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഈയിടെ ആഫ്രിക്കക്കാരിയായ ഒരു വീട്ടുജോലിക്കാരി ഒരു പിഞ്ചുകുഞ്ഞിനെ മാരകമായി ആക്രമിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണത്തില്‍ മറ്റൊരു ഗള്‍ഫ് രാജ്യത്ത് സമാനമായ കുറ്റകൃത്യം നടത്തിയശേഷമാണ് ഇവര്‍ യുഎഇയിലേയ്ക്ക് നുഴഞ്ഞുകയറിയതെന്ന് തെളിഞ്ഞു. ഈയടുത്ത് ദുബായിലെ ഒരു ഒന്‍പതുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയശേഷം അരുംകൊല ചെയ്ത വിദേശി അയാളുടെ നാട്ടില്‍ ഒരു ക്രിമിനലാണെന്നും കണ്ടെത്തി. യുഎഇ കോടതിവിധിയെത്തുടര്‍ന്ന് ഇയാളെ തൂക്കിക്കൊന്നു. കേരളത്തില്‍ കൊച്ചിയില്‍ നടന്ന ഒരു വധോദ്യമകേസിലെ പ്രതിയായ മലയാളി യുവാവ് കടന്നതും ഒരു ഗള്‍ഫ് രാജ്യത്തേയ്ക്കായിരുന്നു. ഈ രാജ്യം സന്ദര്‍ശിച്ച ഒരു മന്ത്രിയുമായും ഒരു കോണ്‍ഗ്രസ് എംഎല്‍എയുമായും സെല്‍ഫിയെടുത്ത ഈ വിരുതന്‍ ആ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും വന്‍ കോളിളക്കമുണ്ടായിരുന്നു. കുറ്റകൃത്യങ്ങള്‍ നടത്തിയശേഷം യുഎഇയിലേയ്ക്ക് പോകുന്ന വിദേശികളുടെ എണ്ണത്തില്‍ ഈയിടെ വന്‍ വര്‍ധനവുണ്ടായെന്ന സൂചനകളെത്തുടര്‍ന്നാണ് സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്നും അല്‍ മസൗരി പറഞ്ഞു.

Other News in this category4malayalees Recommends