9 വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവം ; പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന പീഡന വിവരങ്ങള്‍

9 വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവം ; പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന പീഡന വിവരങ്ങള്‍
തൈക്കൂടത്ത് 9 വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന പീഡന വിവരങ്ങള്‍. കുട്ടി കുറച്ച് കാലമായി പീഡനത്തിന് ഇരയാകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അങ്കമാലി സ്വദേശി പ്രിന്‍സിനെ മരട് പോലീസ് അറസ്റ്റ് ചെയ്തു. 21കാരനായ പ്രിന്‍സ് കഴിഞ്ഞ മാസമാണ് തൈക്കൂടത്തെ വീട്ടിലെത്തുന്നത്. വിവാഹം കഴിയ്ക്കാതെ തന്നെ ഇവിടെ ഒരുമിച്ച് താമസിക്കാന്‍ പ്രിന്‍സും പീഡനമേറ്റ കുട്ടിയുടെ സഹോദരിയും തീരുമാനിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പുതുവത്സര രാത്രിയിലാണ് പ്രിന്‍സ് ഭാര്യാ സഹോദരനെ ക്രൂരമായി മര്‍ദിച്ചത്. വീടിനടുത്ത് നടന്ന പുതുവത്സര ആഘോഷത്തില്‍ പങ്കെടുത്തതിനായിരുന്നു മര്‍ദ്ദനം. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം പൈസ കാണാതായെന്ന് പറഞ്ഞ് തന്റെ കാലില്‍ തേപ്പുപെട്ടി വെച്ചും ചട്ടുകം വെച്ചും പൊള്ളിച്ചുവെന്നും കുട്ടി പറഞ്ഞു. പല തവണ തടയാന്‍ ശ്രമിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. മുറിയിലേക്ക് വിളിച്ചു കയറ്റി കതക് അടച്ച ശേഷമാണ് കാലുകള്‍ക്ക് പൊള്ളലേല്‍പ്പിച്ചത്. ആദ്യം ചട്ടുകം പഴുപ്പിച്ചും പിന്നീട് തേപ്പുപെട്ടി ചൂടാക്കിയുമായിരുന്നു കാലില്‍ വെച്ചത്. മറ്റൊരിയ്ക്കല്‍ കഴുത്തില്‍ പിടിച്ച് മതിലിനോടു ചേര്‍ത്തു പിടിച്ച് പൊക്കി. ചിലപ്പോള്‍ ശരീരത്തില്‍ സേഫ്റ്റി പിന്‍ കൊണ്ട് വരഞ്ഞിരുന്നതായും കുട്ടി പറഞ്ഞു. പക്ഷാഘാതം വന്ന് തളര്‍ന്നു കിടക്കുന്ന അച്ഛനും പ്രായമായ അമ്മയ്ക്കും ഇയാളെ തടയാന്‍ കഴിഞ്ഞിരുന്നില്ല.

പതിവായി പുറത്ത് കളിക്കാന്‍ വരുമായിരുന്ന കുട്ടിയെ ഏതാനും ദിവസം കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. പരിക്കേറ്റ കുട്ടി ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ്. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷമാണ് ബന്ധുക്കളുടെ വീട്ടിലേക്ക് കുട്ടിയെ മാറ്റിയത്. ആരോഗ്യം വീണ്ടെടുക്കും വരെ ബന്ധുക്കളുടെ സംരക്ഷണത്തിലും ഉത്തരവാദിത്വത്തിലുമാകും കുട്ടി. പ്രിന്‍സിന് എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.Other News in this category4malayalees Recommends