ബ്രിട്ടനിലെ ഭാവി പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് ഇന്ന് അവസാനിക്കും; വിജയിയെ നാളെ പ്രഖ്യാപിക്കും; പുതിയ പ്രധാനമന്ത്രി ബുധനാഴ്ച അധികാരമേല്‍ക്കും; ബോറിസ് പ്രധാനമന്ത്രിയാല്‍ ചാന്‍സലറും ജസ്റ്റിസ് സെക്രട്ടറിയും രാജി വയ്ക്കും

ബ്രിട്ടനിലെ ഭാവി പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് ഇന്ന് അവസാനിക്കും;  വിജയിയെ നാളെ പ്രഖ്യാപിക്കും; പുതിയ പ്രധാനമന്ത്രി ബുധനാഴ്ച അധികാരമേല്‍ക്കും; ബോറിസ് പ്രധാനമന്ത്രിയാല്‍ ചാന്‍സലറും ജസ്റ്റിസ് സെക്രട്ടറിയും രാജി വയ്ക്കും
ബ്രിട്ടനിലെ ഭാവി പ്രധാനമന്ത്രിയെയും ടോറി നേതാവിനെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.നാളെ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് സമയം ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ബോറിസ് ജോണ്‍സനോ അല്ലെങ്കില്‍ എതിരാളി ജെറമി ഹണ്ടിനോ വോട്ട് രേഖപ്പെടുത്തിക്കൊണ്ടുള്ള ബാലറ്റുകള്‍ മടക്കുന്നതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

അന്തിമമത്സരത്തില്‍ വിജയിക്കുന്ന ആള്‍ ബുധനാഴ്ച തെരേസയുടെ പിന്‍ഗാമിയായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതായിരിക്കും. ബോറിസ് പ്രധാനമന്ത്രിയായാല്‍ താന്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും രാജി വയ്ക്കുമെന്ന് ഞായറാഴ്ച ഫിലിപ്പ് ഹാമണ്ട് പ്രഖ്യാപിച്ചിരുന്നു. ബിബിസിയുടെ ആന്‍ഡ്ര്യൂ മാര്‍ ഷോയില്‍ സംസാരിക്കവെയാണ് ഹാമണ്ട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്. ബോറിസിന്റെ ബ്രെക്‌സിറ്റ് നയവുമായി തനിക്ക് ഒരിക്കലും ഒത്ത് പോകാനാവില്ലെന്നാണ് ഹാമണ്ട് പറയുന്നത്.

അതായത് ഒക്ടോബര്‍ 31 ഓടെ ഡീല്‍ ഇല്ലാതെയോ അല്ലെങ്കില്‍ ഡീലോട് കൂടിയോ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും എന്തായാലും വിട്ട് പോകണമെന്ന കടുത്ത നിലപാടാണ് ബോറിസ് പുലര്‍ത്തുന്നത്. ബോറിസ് പ്രധാനമന്ത്രിയായാല്‍ ഇതേ കാരണത്താല്‍ താനും രാജി വയ്ക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൗകെ സണ്‍ഡേ ടൈംസിനോട് വ്യക്തമാക്കിയിരുന്നു. എന്ത് തന്നെ വന്നാലും യുകെ ഒക്ടോബര്‍ 31ഓടെ യൂണിയന്‍ വിട്ട് പോകുമെന്ന കടുത്ത നിലപാടില്‍ ഉറച്ച് നില്‍ക്കുയാണ് ബോറിസ് ചെയ്യുന്നത്.

ഡീലോട് കൂടി യൂണിയന്‍ വിട്ട് പോകാനാണ് താന്‍ മുന്‍ഗണനയേകുന്നതെന്നും എന്നാല്‍ നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ ഡീലില്ലാതെ വിട്ട് പോകുന്നതിനും താന്‍ സന്നദ്ധനാണെന്നാണ് ഹണ്ടിന്റെ നിലപാട്. എന്നാല്‍ യുകെയുമായി ബ്രെക്‌സിറ്റിന്റെ കാര്യത്തില്‍ ഇനി ഒരു വിലപേശല്‍ പുനരാരംഭിക്കില്ലെന്ന കടുത്ത നിലപാടാണ് യൂറോപ്യന്‍ യൂണിയനെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 31 ഓടെ യൂണിയനുമായി ഒരു ഡീലില്‍ എത്താന്‍ സാധിക്കുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് ഡെയിലി ടെലിഗ്രാഫിലെഴുതിയ ലേഖനത്തില്‍ ബോറിസ് പ്രത്യാശ പ്രകടിപ്പിക്കുന്നത്.

Other News in this category4malayalees Recommends